ഹഫി എത്താന്‍ അര മണിക്കൂര്‍ കൂടി വൈകുമെന്നറിഞ്ഞപ്പോള്‍ സൂരജ് തൊട്ടടുത്തുള്ള അമ്പലത്തെ കുറിച്ചോര്‍ത്തു. ടൌണില്‍ റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള ഈ അമ്പലം ഓര്‍മകളില്‍ ഇന്നും മായാതെയുണ്ട്. പ്രായമായെങ്കിലും ഹഫിയെ കുറിച്ചുള്ള ഓര്‍മകള്‍ക്കു അയാളുടെ ഉള്ളില്‍ ഇന്നും ചെറുപ്പമാണു. അമ്പലത്തില്‍ കയറി താലി പൂജിച്ചു സൂരജ് പുറത്തിറങ്ങി. പുറത്തു ഹഫി കാത്തു നില്‍പ്പുണ്ടായിരുന്നു.
"എനിക്കറിയാമായിരുന്നു നീ ഇവിടെ ഉണ്ടാകുമെന്ന് " ഹഫി ചിരിച്ചു.
"നിനക്കും ഇവിടം മറക്കാനാവില്ലല്ലൊ". അയാള്‍ അവളുടെ നെറ്റിയിലേക്കു വീണു കിടന്ന നരച്ച മുടി കൈകൊണ്ടു മാറ്റി പ്രസാദം തൊടുവിച്ചു.
കാറില്‍ ഇരിക്കുമ്പോള്‍ മുഴുവന്‍ അവര്‍ സംസാരിച്ചതു തെരേസയെ കുറിച്ചായിരുന്നു .വര്‍ഷങ്ങളായി അവര്‍ക്കിടയില്‍ സംസാരിക്കാന്‍ തെരേസ മാത്രമെ ഉണ്ടായിട്ടുള്ളു.
"നമ്മളുടെ മകള്‍ വിവാഹിതയാവുകയാണു , എനിക്കു വിശ്വസിക്കാനെ ആവുന്നില്ല. ഈ ഇരുപതു വര്‍ഷം". ഹഫിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്കപ്പുറത്തു ഒരു വെളുത്ത കുഞ്ഞുടുപ്പിട്ടു, വിതുമ്പിക്കരയുന്ന വെള്ളാരം കല്ലു പോലുള്ള കണ്ണുകള്‍ ഉള്ള ഒരു രണ്ടു വയസ്സുകാരിയെ അവര്‍ വീണ്ടും ഓര്‍ത്തു. സിസ്റ്റര്‍ നിര്‍മ്മലയുടെ അനാഥശ്രമത്തിലെ പതിവു സന്ദര്‍ശകര്‍ ആയിരുന്ന തനിക്കും ഹഫിക്കും തെരേസ പ്രിയപ്പെട്ടതായത് വളരെ പെട്ടെന്നായിരുന്നു. മറ്റാരോടും തോന്നാത്ത ഒരു അത്മബന്ധം അവളോട് അന്നേ തോന്നിയിരുന്നു.
ലോ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന ഹഫിയെ കണ്ടുമുട്ടിയതു വളരെ യാദൃശ്ചികമായിട്ടായിരുന്നു. പഠനശേഷം ജോലിയില്ലാതെ അലഞ്ഞു തിരിയുമ്പോള്‍ ഹഫി ഒരു പ്രത്യാശയും തണലുമായി. എല്ലാം പങ്കു വെയ്‌കാന്‍ കഴിയുന്ന സുഹൃത്തുക്കള്‍ ആയി മാറിയതു പെട്ടെന്നായിരുന്നു. തമ്മില്‍ പറയാതെ പറഞ്ഞു പ്രണയിച്ചു. ഇഷ്ടപ്പെട്ടതു മനസ്സുകള്‍ തമ്മില്‍ ആയിരുന്നു. ജാതിയും മതത്തേയും കുറിച്ചു അവര്‍ ബോധപൂര്‍വ്വം ഓര്‍ത്തില്ല. സന്തോഷങ്ങളും ദു:ഖങ്ങളും സ്വന്തമാക്കി പരസ്പരം തിരിച്ചറിഞ്ഞു.
സമൂഹത്തിന്റെയും കുടുംബതാല്‍പര്യങ്ങളുടെയും പേരില്‍ സ്നേഹം ഉപേക്ഷിക്കണ്ടിവരുമെന്ന അവസ്ഥ വന്നപ്പോള്‍ , മുന്നില്‍ ഒരുമിച്ചുള്ള മരണം വരെ ഒരു വഴിയായി തെളിഞ്ഞപ്പോള്‍, പിടിച്ചു നിര്‍ത്തിയത് തെരേസയുടെ കുസൃതികളും കളികളുമായിരുന്നു. പ്രണയമുപേക്ഷിക്കുക പക്ഷേ അസാധ്യമായി കഴിഞ്ഞിരുന്നു.
"തെരേസയെ മകളാക്കി വളര്‍ത്തിക്കൂടെ? അതിലൂടെ നിങ്ങളുടെ പ്രണയവും നഷ്ടപ്പെടുകയില്ല. സ്നേഹം ദൈവമാണു കുട്ടികളെ. സ്നേഹിക്കുന്നവര്‍ ദൈവത്തേ അറിയുന്നു". നിര്‍മ്മല സിസ്റ്ററുടെ വാക്കുകള്‍ പ്രതീക്ഷയും പ്രചോദനവും ആയിരുന്നു. ബന്ധങ്ങളില്‍ ഹഫി തെരേസയുടെ അമ്മയും, സൂരജ് അച്ഛനുമായി. തെരേസയിലൂടെ അവര്‍ പ്രണയത്തിനു പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തി.
കുടുംബജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ അവര്‍ തെരേസയെ ചെന്നു കണ്ടു. അവളുടെ കൊച്ചു കൊച്ചു വിശേഷങ്ങള്‍ എല്ലാം ഒരുമിച്ചു പങ്കു വെച്ചു. അവളുടെ ജന്മദിങ്ങളില്‍ സമ്മാനപ്പൊതികളും വര്‍ഷം മുഴുവനുള്ള സ്നേഹവും ഒരുമിചു നല്‍കാന്‍ അവര്‍ മല്‍സരിച്ചു. അച്ഛനേയും അമ്മയേയും കൂടുതല്‍ അറിയുംതോറും തെരേസ അവരെ കൂടുതല്‍ സ്നേഹിച്ചു. അവര്‍ക്കും തെരേസയില്‍ നിന്നും ഒന്നും മറയ്‌ക്കാന്‍ ഉണ്ടായിരുന്നില്ല.
മന്ത്രകോടിയില്‍ തെരേസ പതിവിലേറെ സുന്ദരിയായിരുന്നു. താലികെട്ടിനു ശേഷം മകളെ യാത്രയാക്കി മടങ്ങുമ്പോള്‍ സൂരജിനും ഹഫിക്കുമിടയില്‍ പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു. തെരേസയായിരുന്നു അവരുടെ പ്രണയം. അതു നഷ്ടപ്പെടുമോ എന്ന വിഷമം അവരുടെ മനസ്സില്‍ നിറഞ്ഞു നിന്നു.
ഇനിയും കാണാനകുമെന്ന പ്രതീക്ഷയില്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ ഹഫി പറഞ്ഞു.
"നമ്മുക്ക് പിരിയാനാവില്ല സൂരജ്.. കാരണം ഞാനും നീയും വേറെയല്ല. അടുത്ത വരവു വരെ കാത്തിരിക്കാന്‍ ഇന്നത്തേ ഓര്‍മ്മകള്‍ ധാരാളമാണ് ".
ചിരിച്ചു കൊണ്ട് കൈകള്‍ വീശി അയാള്‍ അവളെ യാത്രയാക്കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment